മാനവസത്തയുടെ പ്രാക്തനമുദ്രകള്‍
അറുപതുകളിലും എഴുപതുകളിലും മലയാളത്തില്‍ ശക്തിയാര്‍ജിച്ച ആധുനികത എന്ന സവിശേഷസാഹിത്യമനോഭാവത്തിന്‍റെ പ്രശ്നപരിസരത്തിലാണ് ഒ.വി.വിജയനും (1931-2005) എഴുതിത്തുടങ്ങിയത്. പാരമ്പര്യനിഷേധം, സമൂഹനിഷേധം, ജീവിതപരാങ്മുഖത്വം, അരാജകവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ എന്നിവ അക്കാലത്തെ കലാസൃഷ്ടികളില്‍ സജീവമായിരുന്നു. ഇന്ത്യന്‍ജീവിതാവസ്ഥയോടുള്ള പ്രതികരണമെന്നതിലേറെ പാശ്ചാത്യതത്ത്വചിന്തയോടുള്ള ആഭിമുഖ്യം വ്യക്തമാക്കുന്നതായിരുന്നു അക്കാലത്തെ മിക്ക രചനകളും. മരണം വ്യര്‍ഥമാക്കിയ ജീവിതത്തിനു നേരെ ആധുനികമനുഷ്യന്‍ സ്വീകരിച്ച നിലപാടെന്നാണ് ആധുനികതയെ ഒരിക്കല്‍ എം.മുകുന്ദന്‍ നിര്‍വചിച്ചത്. മൃത്യുബോധത്തിനു കൈവന്ന ഈ അമിതപ്രാധാന്യത്തോടൊപ്പം എഴുത്തിന്‍റെ ഘടനയെ സാരമായി സ്വാധീനിക്കാന്‍ കഴിഞ്ഞ ഒട്ടേറെ മാറ്റങ്ങള്‍ക്കും ആധുനികത വഴിമരുന്നിട്ടു. എഴുത്തുകാരണ്റ്റെ വ്യക്തിത്വം, കൃതിയുടെ ജൈവപരമായ ഐക്യം, ഭാഷയുടെ അനന്തമായ സാദ്ധ്യതകള്‍, ഭാവനയുടെ അതിരില്ലായ്മ, എഴുത്തുകാരനും സമൂഹവും തുടങ്ങി പല വിഷയങ്ങളിലും മലയാളി പുതിയ കാഴ്ചപ്പാടുകളിലേക്ക് നയിക്കപ്പട്ട കാലഘട്ടമെന്ന നിലയ്ക്കാണ് ആധുനികത ഇന്ന് വിലയിരുത്തപ്പെടുന്നത്. അന്ന് എഴുതപ്പെട്ട അനേകം കൃതികളില്‍ ചെറിയൊരു ന്യൂനപക്ഷത്തിനുമാത്രമാണ് പില്‍ക്കാലത്ത് വായനക്കാരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞത്. അക്കൂട്ടത്തില്‍ വിജയന്‍റെ നോവലുകളും കഥകളും പ്രത്യേകശ്രദ്ധ അര്‍ഹിക്കുന്നു.
ആധുനികതയുടെ ഭാരതീയഭാഷ്യം
വിജയന്‍റെ രചനകളില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ടത് അദ്ദേഹത്തിന്‍റെ നോവലുകളാണ്. എഴുത്തുകാരന്‍റെ ദര്‍ശനത്തിന്‍റെ രൂപകമാണ് നോവല്‍ എന്ന ആല്‍ബേര്‍ കാമുവിന്‍റെ കാഴ്ചപ്പാടിന് ആധുനികതയുടെ കാലത്ത് നല്ല സ്വീകരണമാണ് ലഭിച്ചത്. കഥയല്ല, കൃതി തുറന്നിടുന്ന അന്തര്‍ദര്‍ശനമാണ് നോവലിനെ തനിമയുള്ളതാക്കുന്നതെന്ന് ഒ.വി.വിജയനും ഒരിടത്ത് പറയുന്നുണ്ട്.പറയുക മാത്രമല്ല തണ്റ്റെ ഓരോ കൃതിയും ആ വിധം തനിമയുള്ളതാക്കുന്ന കാര്യത്തില്‍ അദ്ദേഹം വലിയ വിജയം നേടുകയും ചെയ്തു.ആധുനികതയുടെ പൊതുരീതികളില്‍ നിന്ന് തെന്നിമാറി ഭാരതീയമായ ചില മാനങ്ങള്‍ തന്‍റെ രചനകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞതാണ് വിജയന്‍റെ കൃതികളെ ആസ്വാദനീയവും പഠനീയവുമാക്കുന്നത്.ദര്‍ശനതലത്തില്‍ ആധുനികത മുന്നോട്ടുവച്ച ജീവിതനിരാസവും നിര്‍വികാരതയും ആദ്യനോവലില്‍ മാത്രമേ നാം കാണുന്നുള്ളു. തുടര്‍ന്നുള്ള കൃതികളില്‍ വിജയണ്റ്റെ ദര്‍ശനത്തിണ്റ്റെ ആണിക്കല്ലായ പിതൃബിംബം ഗുരുവായും പ്രവാചകനായും പരിണമിക്കുന്നു. മാത്രമല്ല, സഹഭാവനയുടെ, കാരുണ്യത്തിന്‍റെ അതിശക്തമായ ഒരു ധാര അതില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. പുരാവൃത്തങ്ങളുടെ അന്തരീക്ഷനിര്‍മിതിയിലൂടെ, വര്‍ത്തമാനത്തില്‍ ഭൂതകാലത്തെ അന്വേഷിക്കുന്നതിലൂടെ മനുഷ്യണ്റ്റെ സനാതനമായ തനിമയെ ആവിഷ്ക്കരിക്കാനാണ് വിജയന്‍ ശ്രമിച്ചത്. വിജയന്‍റെ ആദ്യനോവലായ ഖസാക്കിന്‍റെ ഇതിഹാസം മലയാളിയുടെ ഭാവുകത്വപരിണാമത്തില്‍ വഹിച്ച പങ്ക് സാഹിത്യചരിത്രമറിയുന്നവര്‍ക്ക് നിഷേധിക്കാവുന്നതല്ല. കര്‍മ്മബന്ധങ്ങളുടെ സ്നേഹരഹിതമായ കഥയായ ജീവിതത്തിലൂടെ പാപബോധത്തോടെ രവി നടത്തുന്ന അന്വേഷണമാണ് ഖസാക്കില്‍ ആവിഷ്ക്കരിക്കുന്നത്. ധര്‍മപുരാണത്തില്‍ അലിഗറിയും ഫാന്‍റസിയും കൂട്ടിയിണക്കി സ്വേച്ഛാധിപത്യത്തിന്‍റെ കുരുടന്‍വഴികളെ അശ്ളീലം കലര്‍ന്ന ഭാഷ കൊണ്ട് ആക്രമിക്കുന്നത് നാം കാണുന്നു. ഗുരുസാഗരത്തില്‍ അതിലോലമായ കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഔപനിഷദമായ ഭാരതീയദര്‍ശനത്തെ ആദരിക്കുന്നു. മധുരം ഗായതിയില്‍ ഭൂമിയുടെ ഭാവിയെക്കുറിച്ചുള്ള ഉത്ക്കണ്ഠകള്‍ പങ്കുവച്ചുകൊണ്ട് മനുഷ്യണ്റ്റെ ഭാവിയെക്കുറിച്ചുള്ള ഒരു ദുസ്വപ്നദര്‍ശനം അവതരിപ്പിക്കുന്നു. മനുഷ്യണ്റ്റെ ഗോത്രബന്ധങ്ങളെ സമകാലികലോകത്തെ മുന്‍നിറുത്തി ദാര്‍ശനികമായി അന്വേഷിക്കുന്ന നോവലാണ് പ്രവാചകന്‍റെ വഴി. തലമുറകള്‍ എന്ന കൃതിയില്‍ കേരളീയസാമൂഹികചരിത്രത്തെ ആധാരമാക്കി ജാതീയത, ജനാധിപത്യം, ഇടതുപക്ഷരാഷ്ട്രീയം തുടങ്ങിയ സമകാലികപ്രശ്നങ്ങളെ പരിശോധിക്കുന്നു. വര്‍ത്തമാനലോകത്തെ അവതരിപ്പിക്കുമ്പോഴും അതിനെ മിത്തുകളുടെ രഹസ്യാത്മകതയോടെ അവതരിപ്പിക്കാനാണ് വിജയന് ഉത്സാഹം. കഥാപാത്രങ്ങളെ പുരാണപാത്രങ്ങളുമായി സാമ്യപ്പെടുത്തി ആഴമുള്ളതാക്കിമാറ്റുന്ന ആഖ്യാനരീതി എല്ലാ നോവലുകളിലും കാണാം. പ്രകൃതിയെ സ്വതന്ത്രമായൊരു അസ്തിത്വമായി കാണുകയും അതിന്‍റെ ചൈതന്യത്തെ മനുഷ്യപ്രകൃതിയിലാകെ നിറയ്ക്കുകയും ചെയ്യുന്ന ആഖ്യാനശൈലി വിജയന്‍റെ കൃതികളെ വ്യത്യസ്തമാക്കുന്നു. ഈ ഭൂതകാലപരതയും ആത്മീയതയുടെ സാന്നിധ്യവും ആഴമേറിയ പ്രകൃതിബോധവും ഭാഷയിലെങ്ങും നിറയുന്ന പ്രാചീനബിംബങ്ങളുമാണ് വിജയന്‍റെ നോവലുകളെ ആധുനികതയുടെ ഭാരതീയഭാഷ്യങ്ങളാക്കി മാറ്റുന്നത്.
ഐറണിയുടെ മാലാകലാപം
നോവലുകളെക്കാള്‍ വൈവിധ്യം അനുഭവിപ്പിക്കുന്നവയാണ് വിജയന്‍റെ കഥകള്‍. കൊച്ചുകൊച്ചു ജീവിതസന്ദര്‍ഭങ്ങളെ ദര്‍ശനപരമായ ആഴത്തോടും കലാപരമായ അച്ചടക്കത്തോടും കൂടി അവതരിപ്പിക്കാന്‍ വിജയന് കഴിഞ്ഞിരിക്കുന്നു. എണ്ണത്തില്‍ നൂറ്റിയമ്പതോളം വരുന്ന കഥകളിലെങ്ങും രൂപഭാവങ്ങളില്‍ സദാ പരീക്ഷണവ്യഗ്രനായ ഒരു കഥാകൃത്തിനെ നമുക്ക് കാണാം. മങ്കര, പ്രയാണം, ഭഗവത്സന്നിധിയില്‍ തുടങ്ങിയ ആദ്യ കാലകഥകളില്‍ മനുഷ്യാവസ്ഥകളില്‍ അന്തര്‍ഭവിക്കുന്ന വൈപരീത്യങ്ങളെ കഥാകാരന്‍ ആശയതലത്തിലും ഭാവതലത്തിലുമുള്ള ഐറണികള്‍ നിര്‍മിക്കാനുള്ള നിമിത്തങ്ങളാക്കി മാറ്റുന്നു. പ്രതീകാത്മകവും ആക്ഷേപഹാസ്യപ്രധാനവുമാണ് അവയില്‍ ഏറെയും. അസംബന്ധനാടകങ്ങളിലെന്നപോലെ ജീവിതത്തിണ്റ്റെ അര്‍ത്ഥരാഹിത്യത്തെ ഏറ്റുപറയുന്ന ചില കഥകളും അക്കൂട്ടത്തിലുണ്ട്. ഉദാത്തവും അത്യപൂര്‍വവുമായ മനോവൃത്തികളുടെയും ആശയങ്ങളുടെയും ലോകത്തിലേക്ക് നയിക്കുന്ന കഥകളുടെ കൂട്ടത്തിലാണ് പാറകള്‍, എട്ടുകാലി തുടങ്ങിയവയുടെ സ്ഥാനം. പാറകള്‍ പോലെ യുദ്ധത്തിന്‍റെ ഭീകരത ഇത്രകണ്ട് ധ്വന്യാത്മകവും കാവ്യാത്മകവുമായി ആവിഷ്കരിക്കാന്‍കഴിഞ്ഞ രചനകള്‍ മലയാളത്തില്‍ വേറെയില്ലെന്ന് പറയണം. അമൂര്‍ത്തതയും യാഥാര്‍ഥ്യവും കൂടിക്കലര്‍ന്ന് ദാര്‍ശനികഗൌരവം കൈവരിക്കുന്ന കഥകള്‍ക്ക് ഒരു അപൂര്‍വമാതൃകയാണ് കടല്‍ത്തീരത്ത് എന്ന കഥ. ചെങ്ങന്നൂര്‍വണ്ടി യാന്ത്രികമായ പ്രത്യശാസ്ത്രപ്രയോഗങ്ങളോടുള്ള കഥാകാരന്‍റെ പ്രതിഷേധമാണ്. വേറിട്ട്നില്‍ക്കുന്ന ജീവിതബോധത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങളും അവരുടെ സംഭാഷണത്തില്‍ കടന്നുവരുന്ന പ്രാദേശികഭേദങ്ങളും നര്‍മ്മത്തിന്‍റെ ഗൂഢസഞ്ചാരങ്ങളും വിജയന്‍റെ കഥകളെ മൌലികതയുള്ളതാക്കി മാറ്റുന്നു. മലയാളിയുടെ സാംസ്ക്കാരികസത്തയുടെ വിശകലനത്തിന് ശ്രമിച്ചു എന്നതാണ് ആധുനികതയുടെ പരിവേഷത്തിനുള്ളില്‍ നില്‍ക്കെതന്നെ ആ കഥകള്‍ വ്യത്യസ്തമാകാന്‍ കാരണം.
ആക്ഷേപഹാസ്യത്തിന്‍റെ ശരവേഗം
മലയാളിയുടെ സ്വതസ്സിദ്ധമായ നര്‍മബോധവും വരകളില്‍ അര്‍ഥരൂപങ്ങളെ നിറയ്ക്കാനുള്ള കഴിവും വൈരുധ്യങ്ങളെ നിരീക്ഷിച്ചറിയുന്നതിലെ മികവും വിജയനെ ആഴവും മൌലികതയുമുള്ള ഒരു കാര്‍ട്ടൂണിസ്റ്റാക്കി മാറ്റി. ശങ്കേഴ്സ് വീക്കിലിയില്‍ തുടക്കമിടുന്ന കറുത്തചിരിയുടെ ആ വരകള്‍ ഇംഗ്ളീഷിലും മലയാളത്തിലും ഒരുപോലെ ശ്രദ്ധ നേടിയെടുത്തു. രാഷ്ട്രീയസാംസ്ക്കാരികകാലാവസ്ഥയോടുള്ള ധീരമായ പ്രതികരണങ്ങള്‍ സമകാലികലോകത്തെ എത്ര ആഴത്തില്‍ ഈ എഴുത്തുകാരന്‍ ഉള്‍ക്കൊണ്ടിരുന്നു എന്നതിന് തെളിവ് നല്‍കുന്നു. അടിയന്തിരാവസ്ഥകാലത്ത് പത്രമേഖലയിലെ സെന്‍സറിങ്ങില്‍ പ്രതിഷേധിച്ച് കാര്‍ട്ടൂണിസ്റ്റിന്‍റെ തൊഴിലുപേക്ഷിച്ച ഇദ്ദേഹം എക്കാലത്തും വ്യക്തിസ്വാതന്ത്യ്രത്തിണ്റ്റെ വക്താവായിരുന്നു. ഇത്തിരി നേരമ്പോക്ക് ഇത്തിരി ദര്‍ശനം എന്ന പേരില്‍ സമാഹരിക്കപ്പെട്ടിരിക്കുന്ന കാര്‍ട്ടൂണുകള്‍ ഭാരതീയ ചരിത്രത്തിലെ ഇരുണ്ട ഇടനാഴികളിലേക്കും നമ്മുടെ സമൂഹത്തിണ്റ്റെ ഇരട്ടവ്യക്തിത്വത്തിലേക്കും വെളിച്ചം വീശുന്ന മഹത്തായ രേഖയാണ്.
'സന്ദേഹിയുടെ സംവാദം'
നോവലുകളും കഥകളും കാര്‍ട്ടൂണുകളും രചിച്ച് തന്‍റെ സര്‍ഗാത്മകമനസ്സിനെ ആവിഷ്ക്കരിച്ച വിജയന്‍, എന്നാല്‍, അത് കൊണ്ട് മാത്രം തൃപ്തിപ്പെട്ടില്ല. അദ്ദേഹം പലപ്പോഴും തന്നോടും തണ്റ്റെ സഹജീവികളോടും പ്രത്യയവ്യവസ്ഥകളോടും പരസ്യമായി തര്‍ക്കത്തിലേര്‍പ്പെട്ടു. അത്തരം മുഹൂര്‍ത്തങ്ങളെയാണ് വിജയന്‍റെ ലേഖനങ്ങള്‍ പ്രതിനിധീകരിക്കുന്നത്. ഇതരരചനകളില്‍ നിന്ന് വ്യത്യസ്തമായി ലൌകികയുക്തിയില്‍ ചിന്തിക്കാനും ജനാധിപത്യത്തിണ്റ്റെ ഭാവി, ഫാസിസം, വര്‍ഗീയത തുടങ്ങിയ വിഷയങ്ങളില്‍ തനിക്കുള്ള ഉത്ക്കണ്ഠ മറയില്ലാതെ രേഖപ്പെടുത്താനും അദ്ദേഹം ലേഖനങ്ങളിലൂടെ ശ്രമിക്കുന്നു. മനുഷ്യന്‍റെ നൈതികതയും ആത്മീയതയും ബലികഴിക്കാതെയുള്ള പരിഹാരങ്ങള്‍ തിരക്കിയാണ് വിജയന്‍ ഇക്കാലമത്രയും സഞ്ചരിച്ചതെന്ന വസ്തുത ഈ ലേഖനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാം ഓര്‍ത്തുപോകും. സന്ദേഹിയുടെ സംവാദം എന്ന് വിജയന്‍ സ്വയം പേരിടുന്ന ഈ ലേഖനങ്ങളില്‍ ആധുനികലോകത്തിന്‍റെ പ്രതിസന്ധികളെ യാഥാര്‍ഥ്യബോധത്തോടെ കാണാന്‍ ശ്രമിക്കുന്ന ഒരു ബുദ്ധിജീവിയുടെ ചോദ്യോത്തരങ്ങള്‍ വൈകാരികത കലര്‍ന്ന ഭാഷയില്‍ നമുക്ക് വായിക്കാം. മലയാളസാഹിത്യത്തിലെ അപൂര്‍വമായൊരു പ്രതിഭാസാന്നിധ്യമായിരുന്നു ഒ.വി.വിജയന്‍. പുതിയ കാലത്ത് പുതുവായനയ്ക്ക് വിധേയമാക്കുമ്പോള്‍ ആശയതലത്തില്‍, ദര്‍ശനതലത്തില്‍ ചില വിയോജിപ്പുകള്‍ കണ്ടേക്കാമെങ്കിലും ഒറിജിനലായ ഒരു കലാകാരന്‍റെ വിരലടയാളം പതിഞ്ഞതാണ് അദ്ദേഹത്തിന്‍റെ രചനകളെന്ന് പരിണതപ്രജ്ഞനായ ഏത് വായനക്കാരനും സമ്മതിക്കും. വാക്കുകളെ സവിശേഷം വിന്യസിച്ച് ഭാവുകനെ വ്യാമുഗ്ധനാക്കാനും പദസന്നിവേശത്തില്‍ തന്‍റെതായൊരു രസതന്ത്രം വികസിപ്പിച്ചെടുക്കാനും കഴിഞ്ഞ ഇത്തരമൊരു എഴുത്തുകാരന്‍ ഏത് ഭാഷയ്ക്കും അഭിമാനമായിരിക്കും. മലയാളമെന്ന കൊച്ചുഭാഷയില്‍ തണ്റ്റെ സര്‍ഗ്ഗാത്മകത വെളിപ്പടുത്തി എന്നതായിരുന്നോ വിജയന്‍റെ ഏറ്റവും വലിയ പരിമിതി? ഏതായാലും കേരളീയന്‍റെ വിഷലിപ്തമായ കാപട്യത്തിനും പൊങ്ങച്ചത്തിനും ആവശ്യമില്ലാത്ത തിരക്കുകള്‍ക്കുമിടയില്‍ ചിലപ്പോഴെങ്കിലും അവന് സ്വന്തം സ്വത്വം തിരിച്ചറിയാന്‍, കണ്ണട മാറ്റിവച്ച് ചിലതൊക്കെ ചിന്തിക്കണമെന്ന് പറയാന്‍ ഇത്തരമൊരാള്‍ നമുക്കിടയില്‍ ഉണ്ടായത് നന്നായി. അതുകൊണ്ട്തന്നെ ആ സാരസ്വതഭംഗി ഇനിയും അറിയാത്ത മലയാളിയുടെ ഭാവി ഉണര്‍ത്തിയേക്കാവുന്ന നഷ്ടബോധം വലുതായിരിക്കും.
()